കൊച്ചി: കെ.വി തോമസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സി പി എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്. കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.വി തോമസിനെ ഇന്നലെ സി പി എം സ്വാഗതം ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് എം എം ലോറന്‍സിന്റെ വിമര്‍ശനം.
യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. കെ വി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടത് എന്നായിരുന്നു ലോറന്‍സിന്റെ വിമര്‍ശനം. തോമസിന്റെ കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ വി തോമസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസിനേക്കാള്‍ ജയസാദ്ധ്യതയുളള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ വി തോമസാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു ഡി എഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ലോറന്‍സ് വിമര്‍ശിച്ചു.
കെ വി തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ ഡി എഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു.
യു ഡി എഫ് പാളയം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുളള നീക്കത്തില്‍ കൂടിയാണ് കെ വി തോമസ്. ജനുവരി 23ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറയാനാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷവും അവഗണന നേരിട്ടതോടെയാണ് കെ വി തോമസ് തുറന്നുപറച്ചിലുകളിലേക്ക് കടക്കുന്നതെന്നാണ് വിവരം.