ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. കറന്‍റിനും വേണം ഗ്യാരന്‍റി എന്നും എം എം മണി കൂട്ടിച്ചേർത്തു.
അതേസമയം, കകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്‍റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്‍ വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.
ലോകകപ്പ് ഫൈനലിന്‍റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
































