തിരുവനന്തപുരം : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെയും കൂട്ടരെയും തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ട്രംപാണെന്നും പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂര്‍ത്തിയായി. ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് എന്നാണ് ഉത്തരം. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രമ്പ് തോറ്റ് തുന്നം പാടി. പക്ഷേ തോല്‍വി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.
വര്‍ഗ്ഗീയ വംശീയ സമീപനങ്ങളെ എതിര്‍ക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു. പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കണ്‍ തുടങ്ങിയുള്ള നേതാക്കന്‍മാരെയും പറ്റി ഊറ്റം കൊള്ളുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ട്രമ്പും കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. ഇവരെ പരാജയപ്പെടുത്തിയ അമേരിക്കന്‍ ജനതയെ അഭിവാദ്യം ചെയ്യുന്നു.