ചെന്നൈ: വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പിനി ഉടമകളും മൊബൈല്‍ കമ്പിനി ഉദ്യോഗസ്ഥരും ചെന്നൈയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ പ്രമുഖ മൊബൈല്‍ കമ്പിനിയിലെ ജീവനക്കാര്‍ ആയിരം സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയതായി കണ്ടെത്തി. ക്വിക് കാഷ്, മൈ കാഷ്, ക്വിക് ലോണ്‍ തുടങ്ങി എട്ടു ആപ്പുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്നത് ഇവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിന് ബംഗളൂരുവില്‍ ഇവര്‍ കോള്‍ സെന്ററും നടത്തിയിരുന്നു.
വായ്പ ആപ്പ് വഴി 5000 രൂപ കടമെടുത്ത് കുരുക്കിലായ ചെന്നൈ സ്വദേശി ഗണേഷ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വായ്പ തിരിച്ചടയ്ക്കുന്നതിനിടെ 45 ആപ്പുകള്‍ വഴി ഇയാള്‍ നാലര ലക്ഷം രൂപയുടെ കടക്കാരനായി മാറിയതായി പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായി ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഐടി കമ്പിനിയുടെ ഉടമകളായ മനോജ് കുമാര്‍, മുത്തു കുമാര്‍ എന്നിവരാണ് പിടിയിലായത്.
കൂടാതെ ഇവര്‍ക്ക് ആയിരം സിംകാര്‍ഡുകള്‍ കൈമാറിയ പ്രമുഖ മൊബൈല്‍ കമ്പിനിയിലെ ജീവനക്കാരനും വിതരണക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചൈനീസ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ സംഘം ബംഗളൂരുവില്‍ കോള്‍ സെന്റര്‍ നടത്തിയിരുന്നതായും കണ്ടെത്തി.110 ജീവനക്കാരാണ് ഇതിനായി കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നത്. കോള്‍ സെന്ററില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഫോണുകളും ലാപ്പ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.