ഹൈദരാബാദ്: മൊബൈല്‍ ആപ്പ് വഴി എളുപ്പത്തില്‍ വായ്പ നല്‍കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ ഒരു ചൈനീസ് പൗരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.
സൈബറാബാദ് സൈബര്‍ ക്രൈം പോലീസ് ചൈനീസ് പൗരന്റെ ഉടമസ്ഥതയിലുള്ള കുബേവോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ റെയ്ഡിലാണ് നാലുപേരും പിടിയിലാകുന്നത്. കമ്പിനിയുടെ ആസ്ഥാനം ഡല്‍ഹിയിലെ സ്കൈലൈന്‍ ഇന്നോവേഷന്‍സ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഇതിന്റെ ഡയറക്ടര്‍മാര്‍ സിക്സിയ ഷാങ്ങും ഉമാപതി അജയ്യുമാണ്.
11 വായ്പ ആപ്ലിക്കേഷനാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ലോണ്‍ ഗ്രാം, ക്യാഷ് ട്രെയിന്‍, ക്യാഷ് ബസ്, AAA ക്യാഷ്, സൂപ്പര്‍ ക്യാഷ്, മിന്റ് ക്യാഷ്, ഹാപ്പി ക്യാഷ്, ലോണ്‍ കാര്‍ഡ്, റീപേ വണ്‍, മണി ബോക്സ്, മങ്കി ബോക്സ് തുടങ്ങിയവയാണവ.
ഇതുവഴി വ്യക്തിഗത വായ്പ അനുവദിക്കുകയും കൊള്ളപ്പലിശക്ക് പുറമെ മറ്റു നിരക്കുകളും വായ്പയെടുത്തവരില്‍നിന്ന് ഈടാക്കുകയുമായിരുന്നു. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കള്‍ക്ക് വ്യാജ ലീഗല്‍ നോട്ടീസുകള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്തിടെ എട്ടു കേസുകളാണ് സൈബറാബാദ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഇത്തരം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വായ്പ കമ്പിനികളുടെ ഭീഷണിയെ തുടര്‍ന്ന് മൂന്നുപേര്‍ ആത്മഹത്യചെയ്യുകയും ചെയ്തിരുന്നു.