ഡല്‍ഹി : പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്പ് ഫോണിലുണ്ടെങ്കില്‍ പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയാം. ആ വഴിക്കുള്ള യാത്ര ഒഴിവാക്കി മുന്‍കരുതലെടുക്കാം. ജി.പി.എസ്, ബ്‌ളൂടൂത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണിത്. മാത്രമല്ല ആപ്പിലെ രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കി ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനും സാധിക്കും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാകും.
ഫോണിന്റെ ജി.പി.എസ്, ബ്‌ളൂടൂത്ത് സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയാല്‍ ആപ്പിന്റെ സഹായത്തോടെ പരിസരത്ത് രോഗബാധിതരുണ്ടോ എന്നറിയാനാകും. കൊവിഡ് 19 സംബന്ധിച്ച എല്ലാവിവരങ്ങളും 11 ഭാഷകളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പ്‌ളേസ്റ്റോറില്‍ ലഭ്യമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പടര്‍ന്നത് കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചത് കണക്കിലെടുത്ത് കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്പോര്‍ട്ടല്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.