മൂത്രം ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാവുന്ന പീ പവർ സാങ്കേതിക വിദ്യയുമായി ഗവേഷകർ. ബ്രിട്ടനിലെ ബ്രിസ്റ്റോൾ റോബോട്ടിക്‌സ് ലബോറട്ടറിയിൽ നിന്നുള്ള ഡോ. ഇയോന്നിസ് ഇറോപോലസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മൂത്രത്തിൽ നിന്ന് ഊർജം വേർതിരിച്ചെടുക്കുന്ന മൈക്രോബയൽ ഫ്യൂവൽ സെല്ലുകളെ അടിസ്ഥാനമാക്കിയാണ് കണ്ടുപിടുത്തം. രണ്ടു വർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് പീ പവർ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു.
അന്ന് ശൗചാലയങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു. ഇതുവരെ മൊബൈൽ ഫോണുകൾ, ചെറിയ വോൾട്ടിലുള്ള ബൾബുകൾ, റോബോട്ടുകൾ എന്നിവയ്ക്ക് ഊർജം പകരാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ വീടുകളിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ. അഞ്ച് ദിവസങ്ങളിലായി ടോയ്‌ലറ്റിലെത്തിയ മൂത്രം ഉപയോഗിച്ച് 300 വാട്ട് അവർ വൈദ്യൂതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു.