കോന്നി : കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യസ്റ്റാൾ മാലിന്യ ശേഖരണ കേന്ദ്രമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സംസ്ഥാന തീരദേശ വികസന കോർപറേഷൻ 2.25 കോടി ചെലവിൽ ആറു വർഷം മുമ്പ് സംസ്ഥാന തീരദേശ കോർപറേഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മത്സ്യസ്റ്റാൾ നിർമാണം പൂർത്തിയാക്കിയത്.
എന്നാൽ നിർമാണം പൂർത്തിയാക്കി ആറു വർഷം കഴിഞ്ഞിട്ടും ഇത് മത്സ്യക്കച്ചവടത്തിനായി തുറന്നു നൽകിയില്ല. സ്റ്റാൾ പൂർത്തിയായ ശേഷം യു.ഡി.എഫ് ഭരിക്കുന്ന രണ്ട് ഭരണ സമിതികൾ മാറിമാറി വന്നിട്ടും മത്സ്യസ്റ്റാൾ തുറന്നില്ല. ഇപ്പോൾ കോന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം ശേഖരിച്ച് വെക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണ്.
ഹരിതകർമ സേനാഗങ്ങൾ കോന്നി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യം അടക്കം ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻപോലും സാധിക്കാത്ത അവസ്ഥയാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മാത്രമല്ല ശേഖരിക്കുന്ന മാലിന്യം പകുതിയിൽ അധികവും സ്റ്റാളിന്റെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നതും കാണാം.
നിലവിൽ ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ ചെറിയ ഒരു കെട്ടിടം മാത്രമാണ് നിലവിൽ ഉള്ളത്. സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമിക്കാനും പഞ്ചായത്ത് തയാറായിട്ടില്ല. മാലിന്യം സൂക്ഷിക്കാൻ ഇടമില്ലാതെ വന്നതോടെ കോടികൾ മുതൽ മുടക്കി നിർമിച്ച മുപ്പത്തിയഞ്ചിൽ പരം സ്റ്റാളുകളുള്ള ആധുനിക മത്സ്യസ്റ്റാളാണ് ഇപ്പോൾ മാലിന്യ ശേഖരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.