തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്‍ പ്രൊജക്ടിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് മൂന്നിന് കണ്ണമ്പ്ര സഹകരണ സിവില്‍ സര്‍വീസ് അക്കാദമി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ ലൈന്‍ വഴിയാണ് മുഖ്യമന്ത്രി പങ്കെടുക്കുക. മന്ത്രി എ.കെ. ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫലകം അനാഛാദനം ചെയ്യും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മുന്‍ എം.എല്‍.എ. സി. കെ . രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന സൈലോ മോഡേണ്‍ റൈസ് മില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടില്‍ 100 മെട്രിക് ടണ്‍ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും. ദേശീയ പാതയോട് ചേര്‍ന്ന് വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ആദ്യഘട്ടത്തില്‍ 80 കോടി ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്.
സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹം ഗുരി ടി.എല്‍. റെഡ്ഡി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി , ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി , കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനിത ടി. ബാലന്‍, പാപ് കോസ് ഓണററി സെക്രട്ടറി ആര്‍.സുരേന്ദ്രന്‍, പാപ് കോസ് വൈസ് പ്രസിഡന്റ് ചൈതന്യ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.