പത്തനംതിട്ട : നരേന്ദ്ര മോദി സർക്കാർ 11 വർഷങ്ങൾ പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിരവധി വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതായി ബിജെപി സംസ്ഥാന സമിതിയംഗം ഷോൺ ജോർജ് പറഞ്ഞു. പി എം കിസാൻ പദ്ധതിയിലൂടെ ജില്ലയിൽ 1.46 ലക്ഷം കർഷകർ ഗുണഭോക്താക്കളാകുകയും 313.5 കോടി രൂപയിലധികം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുകയും ചെയ്തു. സാമൂഹിക സുരക്ഷ ഉറപ്പാക്കൽ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ ജില്ലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവെ സ്റ്റേഷൻ നവീകരണത്തിന് 12.4 കോടി രൂപ അനുവദിച്ചു.
അങ്കമാലി – ശബരി റെയിവേ പദ്ധതി ജില്ലയിൽ ഗുണപരമായ മാറ്റമുണ്ടാക്കും. റെയിൽപ്പാത എരുമേലിയിൽ അവസാനിപ്പിക്കാതെ പുനലൂർ വരെയെങ്കിലും ദീർഘിപ്പിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.
കോന്നി സർക്കാർ മെഡിക്കൽ കോളേജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ പലതും കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ളതാണ്. കോന്നിയിൽ കേന്ദ്രീയ വിദ്യാലയം അടക്കം വിദ്യാഭ്യാസ രംഗത്തും പദ്ധതികൾ നടപ്പാക്കി. ജൽജീവൻ മിഷനിലടക്കം കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തിയാണ് കുടിവെള്ള പദ്ധതികൾ ഏറ്റെടുത്തിരിക്കുന്നത്. നിലമ്പൂരിൽ ബി.ജെ.പി രാഷ്ട്രീയം, വികസന പ്രശ്നം എന്നിവ പറഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും തീവ്രവാദ പ്രീണനം നടത്തുകയായിരുന്നുവെന്നും ഷോൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, അനിൽ നെടുംപള്ളി എന്നിവരും പങ്കെടുത്തു.