ബംഗളൂരു: ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ശാസ്ത്ര സാങ്കേതിക വിപ്ലവം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിത്തുകള്‍, വളം, ഉല്‍പ്പാദനം, ജലോപയോഗം, കൃഷിയുമായി ബന്ധപ്പെട്ട ടെക്നോളജികള്‍ എന്നിവ ഈ മേഖലയുടെ വികസനത്തിന് അത്യാവശ്യമാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ സാധിക്കുമെന്നും ഓണ്‍ലൈനിലേക്ക് കര്‍ഷകര്‍ കൂടുമാറണമെന്നും മോദി പറഞ്ഞു.
107ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ഇന്ത്യയെ നൂറ് ബില്യണ്‍ ബയോ മാനുഫാക്ച്ചറിങ് ഹബ്ബായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.