ന്യൂഡൽഹി : കോവിഡ് രണ്ടാംവരവ് അപ്രതീക്ഷിതമായിരുന്നുവെന്നു പറയുമ്പോഴും ഇത് നേരിടുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പാളിച്ചകളിൽ ആർഎസ്എസിനും അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ കോവിഡ് നേരിടുന്ന ടീമിൽ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിഗതികളെക്കുറിച്ച് യഥാർഥ വിവരം ലഭിക്കുന്നില്ലെന്നും കൃത്യമായ നടപടികളെടുക്കുന്നതിൽ ഇതു തടസ്സമാകുമെന്നും അഭിപ്രായമുണ്ട്.
വിവിധ വകുപ്പുകളെ തയ്യാറെടുപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിനു പാളിച്ച പറ്റി. ഇതു ജനങ്ങളിൽ അമർഷമായി പടരുന്നുണ്ടെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിതിൻ ഗഡ്കരിയെ പോലെ കഴിവുറ്റ ആൾക്കാരെ ഏൽപ്പിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും നടപടികൾ വേണമെന്നും പൊതുജനങ്ങൾക്കിടയിൽ അഭിപ്രായമുണ്ടെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു. പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ‘മൻ കി ബാത്’ മാത്രമാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സംഭാഷണത്തിനു പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു.
കോവിഡ് രണ്ടാംവരവിനെ നേരിടുന്നതിൽ നരേന്ദ്ര മോദി സർക്കാർ കാണിച്ച അലംഭാവം പൊറുക്കാനാവാത്ത അപരാധമാണെന്നു രാജ്യാന്തര മെഡിക്കൽ ജേണൽ ‘ലാൻസെറ്റ്’ മുഖപ്രസംഗം. ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിൽ 10 ലക്ഷത്തോളം കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു വിലയിരുത്തലെന്നും അതു സംഭവിച്ചാൽ മോദി സർക്കാരായിരിക്കും ഉത്തരവാദിയെന്നും ജേണൽ കുറ്റപ്പെടുത്തി.
മഹാമാരിയെ നേരിടുന്നതിലുപരി ട്വിറ്ററിലെ വിമർശനങ്ങൾ നീക്കുന്നതിലായിരുന്നു സർക്കാരിനു ശ്രദ്ധ. കോവിഡിനെ പരാജയപ്പെടുത്തിയെന്ന തോന്നലുണ്ടാക്കി രാജ്യത്ത് സൂപ്പർ സ്പ്രെഡ് ഉണ്ടാക്കുന്ന വിധത്തിലുള്ള മത, രാഷ്ട്രീയ പരിപാടികൾക്കു കേന്ദ്രസർക്കാർ അനുവാദം നൽകിയതു വലിയ പാളിച്ചയാണ്. പിഴവുകൾ അംഗീകരിച്ചും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നടപടികളിലൂടെയും മാത്രമേ ദുരന്തത്തിൽ നിന്നു കരകയറാനാവൂ.
ഇന്ത്യ ‘കോവിഡിനോടുള്ള അവസാന പോരാട്ട’ത്തിലാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞതിനെയും ജേണൽ വിമർശിച്ചു. കേസുകൾ കുറഞ്ഞപ്പോൾ കോവിഡിനെ കീഴടക്കിയെന്ന് തെറ്റിദ്ധരിച്ചു. കോവിഡ് അവസാനിച്ചുവെന്ന പ്രചാരണം വാക്സിനേഷന്റെ വേഗം കുറച്ചതായും മുഖപ്രസംഗം കുറ്റപ്പെടുത്തി.