കൊച്ചി: യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പ്രസംഗമാരംഭിച്ചത് മലയാളത്തില്‍. മലയാളി യുവാക്കള്‍ക്ക് നമസ്‌കാരമെന്നും കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താക്കളേയും സ്വാതന്ത്ര്യസമര സേനാനികളേയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. അപ്പുക്കുട്ടന്‍ പൊതുവാളിനേയും നമ്പി നാരായണനേയും മോദി പരാമര്‍ശിച്ചു.
യുവശക്തിയുടെ നാടാണ് ഇന്ത്യ. 21-ം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റി മറിക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ട് വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. തനിക്ക് ഏറ്റവും അധികം വിശ്വാസം യുവാക്കളിലാണെന്നും ബിജെപിക്കും യുവാക്കള്‍ക്കും ഒരേ കാഴ്ച്ചപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രനയത്തിന്റെ ഭാഗമായി രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും മോദി പറഞ്ഞു.