ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആസാം സന്ദര്‍ശിക്കും. രാവിലെ 11 മണിയോടു കൂടിയാണ് അദ്ദേഹത്തിന്റെ കാര്യപരിപാടികള്‍ ആരംഭിക്കുക. ദിഫുവില്‍ സമാധാന, ഐക്യ, വികസന റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ് പരിപാടികളില്‍ ആദ്യത്തേത്. വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികള്‍ക്ക് നരേന്ദ്രമോദി ഇന്ന് ശിലാസ്ഥാപനം നടത്തും. ദിഫുവിലെ വെറ്ററിനറി കോളേജ്, പടിഞ്ഞാറന്‍ കര്‍ബി അനങ്ങ്ലോങ്ങിലെ ഡിഗ്രി കോളേജ്, കൊലോങ്ങയിലെ കാര്‍ഷിക കോളേജ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുക.
ആകെ മൊത്തം 500 കോടി രൂപയുടെ പദ്ധതികളാണ് ഇവ. ആസാം സന്ദര്‍ശന പദ്ധതികള്‍ക്കിടെ ഏതാണ്ട് 2,950 അമൃത സരോവര്‍ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. 1,150 കോടി രൂപയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ആസാമിലെ ആറോളം തീവ്രവാദ സംഘടനകളുമായി സര്‍ക്കാര്‍ സമാധാന സന്ധിയൊപ്പിട്ടത് ഈ അടുത്ത കാലത്താണ്. ഈ മേഖലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പരാമര്‍ശത്തിലൂടെ വ്യക്തമാക്കി.