ഡൽഹി: കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസുകാർ ഒബിസിക്കാരെ കുറിച്ച് ഓർക്കാറുള്ളതെന്നും അമിത് ഷാ വിമർശിച്ചു.ഹരിയാനയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം ഒബിസി സംവരണത്തെ എതിർത്തവരാണ്. ഒബിസി സംവരണം പുനഃപരിശോധിക്കാൻ കമ്മീഷൻ രൂപീകരിച്ചെങ്കിലും കോൺഗ്രസ് അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തയ്യാറായില്ല.1980കളിൽ ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷനെ മാറ്റിവച്ചു.
1990കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒബിസികൾക്കുള്ള സംവരണത്തെ എതിർത്ത് സംസാരിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ, നീറ്റ് പരീക്ഷ എന്നിവയിലെല്ലാം ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകാൻ മുൻകയ്യെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.