ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ സുപ്രീം കോടതിയില്‍. ഷമിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കഴിഞ്ഞ 4 വര്‍ഷമായി കാരണം കൂടാതെ തെറ്റായി സ്റ്റേ ചെയ്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ വഴി സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ ടീമിനൊപ്പം പര്യടനം നടത്തുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരം വേശ്യകളുമായി വിവാഹേതര ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു എന്നതുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉന്നയിക്കുന്നത്.
മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും വ്യഭിചാരവും ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ ആദ്യം ജാദവ്പൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നെങ്കിലും, മുന്‍ ഭാര്യ ഷമിക്കെതിരെ നിരന്തരം കേസ് നടത്തുകയാണ്. തുടര്‍ന്ന് 2018ല്‍ ഷമിയെയും ജ്യേഷ്ഠന്‍ ഹസിബ് അഹമ്മദിനെയും കൊല്‍ക്കത്ത പോലീസിന്റെ വനിതാ പരാതി സെല്‍ ചോദ്യം ചെയ്യുകയും അലിപൂര്‍ കോടതി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അറസ്റ്റ് വാറണ്ട് പിന്നീട് സ്റ്റേ ചെയ്തു.