മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്’. സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് ആരംഭിച്ചു. മൈസൂറിൽ ‘വൃഷഭ’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു മോഹൻലാൽ. വൃഷഭയുടെ ഒരു ഷെഡ്യുൾ പൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തെത്തിയത്. ഏതാണ്ട് ഒന്നര മാസത്തോളം ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. കലാസംവിധായകനായ ബോബൻ ഒരുക്കിയ ഒരു സെറ്റിലായിരുന്നു ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും മോഹൻലാലിനോടൊപ്പം ഇവിടെ നടന്ന ചിത്രീകരണത്തിൽ പങ്കെടുക്കുകയുണ്ടായി.
അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.