കോതമംഗലം: കാട്ടാന ആക്രമണം ചെറുക്കാന്‍ പിണവൂര്‍കുടി മേഖലയില്‍ 13 കിലോമീറ്റര്‍ ദൂരത്തില്‍ ട്രഞ്ചും 4 കിലോമീറ്റര്‍ ദൂരത്തില്‍ ഹാംങിങ് ഫെന്‍സിംഗും സ്ഥാപിക്കും. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്‍ എഞ്ചിനിയര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പിണവൂര്‍കുടി, വെളിയത്തുപറമ്പ് , ഉരുളന്‍തണ്ണി, ആനന്ദന്‍കുടി തുടങ്ങിയ മേഖലകളെ ബന്ധപ്പെടുത്തിയാവും ഹാങിങ് ഫെന്‍സിങ് സ്ഥാപിക്കുക.
കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് പിണവൂര്‍കുടി കോളനി നിവാസി സന്തോഷ് മരണപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത് തോടിന്റെ കരയിലാണ് ജഡം കാണപ്പെട്ടത്. മൃതദ്ദേഹം നീക്കം ചെയ്യുന്നതിനിടെ പോലീസും നാട്ടുകാരുമായി ഉന്തും തള്ളും ഉണ്ടായിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയാണ് സന്തോഷ് കൊല്ലപ്പെടാന്‍ കാരണമെന്നും ഇതിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ഥലത്തെത്തിയ ഡീന്‍ കുര്യക്കോസ് എം പി വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനുമായി മൊബൈലില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാദ്ധ്യമായ എല്ലാ നടപടികളും ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കാട്ടാനകളുടെ കടന്നുകയറ്റം തടയാന്‍ ഉടന്‍ അടയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യേഗസ്ഥരും നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനും ട്രഞ്ച് താഴ്‌ത്തുന്നതിനും വനംവകുപ്പ് നീക്കം ആരംഭിച്ചിട്ടുള്ളത്.
മരണമടഞ്ഞ സന്തോഷിന്റെ കുടുംബത്തിന് വനംവകുപ്പ് നല്‍കുന്ന ധനസഹായം ഉടന്‍ നല്‍കണമെന്നും മകന് ജോലി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരത്തുക ഉടന്‍ കൈമാണമെന്ന് മന്ത്രി ഡി എഫ് ഒയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നലെ മകന്‍ സന്ദീപിന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീര്‍ സുനിലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം വീട്ടിലെത്തി നല്‍കി. വാര്‍ഡ് മെമ്പര്‍ ബിനീഷും റെയിഞ്ചോഫീസറും ചേര്‍ന്നാണ് തുക കൈമാറിയത്. സന്തോഷിന്റെ മകന് താല്‍കാലിക ഫോറസ്റ്റ് വാച്ചറായി ജോലി നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. ഉരുളന്‍തണ്ണി ക്യാബിങ് സ്റ്റേഷനിലായിരിക്കും നിയമനം.