എസ്ബിഐ അക്കൗണ്ടിൽ നിന്ന് ഇൻഷുറൻസിനായി പണം ഈടാക്കുന്നുണ്ടോ? സമ്മതമില്ലാതെ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ഇൻഷുറൻസിനായി പണം കുറച്ചിട്ടുണ്ടെങ്കിൽ പരാതി നൽകാം. അടുത്തിടെ യാതാരു മുന്നറിയിപ്പുമില്ലാതെ 23,451 രൂപയുടെ ഇൻഷുറൻസ് പ്രീമിയം എസ്ബിഐ ഡെബിറ്റ് ചെയ്തതായി ഒരു ഉപഭോക്താവ് ആരോപിച്ചു. ഈ ഇൻഷുറൻസ് ഓപ്ഷണൽ ആണെന്നും ഇടപാടുകരുടെ സമ്മതമില്ലാതെ പണം ഡെബിറ്റ് ചെയ്യുന്നുണ്ടെങ്കിൽ പരാതി നൽകാനാകുമെന്നും എസ്ബിഐ വ്യക്തമാക്കി. ബാങ്കുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ബാങ്ക് ബാലൻസ് പരിശോധിക്കുന്നത് ശീലമാക്കാം.
ബാങ്ക് ബാലൻസ് പരിശോധിക്കാതിരുന്നാൽ അല്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുന്ന വിവിധ ചാർജുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാതിരിക്കുന്നത് ഇത്തരത്തിൽ പണം നഷ്ടമാകാൻ ഇടയാക്കും. നിരവധി ബാങ്ക് അക്കൗണ്ട് ഉടമകൾ ബാങ്കുകൾ സമ്മതമില്ലാതെ ഇൻഷുറൻസ് സ്കീമുകൾക്ക് അനാവശ്യമായി പ്രീമിയം അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നതായി പരാതി ഉയർത്തിയിട്ടുണ്ട്. ഇതിൽ ഗവൺമെന്റ് സ്കീമുകൾ മാത്രമല്ല ബാങ്കുകളുടെ ഇൻഷുറൻസ് വിഭാഗവുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ട്. ഉപഭോക്താവിന്റെ മുൻകൂർ അനുമതിയില്ലാതെ പണം നഷ്ടമാകുന്നു എന്നാണ് പരാതി.
സമൂഹ മാധ്യമങ്ങളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇൻഷുറൻസും മറ്റ് നിക്ഷേപ പദ്ധതികളും തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ഓപ്ഷണൽ മാത്രമാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ സമ്മതമില്ലാതെ ഇത്തരം ഇടപാടുകൾ നടന്നാൽ പരാതി രജിസ്റ്റർ ചെയ്യാമെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ഉപഭോക്താക്കൾക്ക് crcf.sbi.co.in/ccf- എന്ന എസ്ബിഐ പോർട്ടലിൽ പരാതി നൽകാം. പരാതി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?
1. ആദ്യം ‘റെയിസ് ക്ലംപ്ലെയിന്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. ജനറൽ ബാങ്കിംഗ് വിഭാഗത്തിന് കീഴിൽ ‘വ്യക്തിഗത വിഭാഗം/വ്യക്തിഗത ഉപഭോക്താവ്’ തിരഞ്ഞെടുക്കുക.
3. അടുത്തതായി ‘ഓപ്പറേഷൻ ഓഫ് അക്കൗണ്ട്സ്’ എന്ന വിഭാഗത്തിന് കീഴിൽ ‘ഡിസ്പ്യൂട്ടഡ് ഡെബിറ്റ്’, ‘ക്രെഡിറ്റ് ഇടപാട്’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
4. അവസാന കോളത്തിൽ വിവരങ്ങൾ നൽകുക.
മറുപടിയില്ലെങ്കിൽ ആർബിഐ ഓംബുഡ്സ്മാന് പരാതി നൽകാം. ഇതിനായി cms.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാം.