റായ്‍പുർ: മഹാദേവ് വാതുവെപ്പ് ആപ്പ് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അനുബന്ധകുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആപ്പിന്റെ ഉടമകളിൽനിന്ന് ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേൽ 508 കോടി രൂപ കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ടെന്ന് വിശ്വസ്തകേന്ദ്രങ്ങൾ വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ബഘേലിനെതിരേ വൈകാതെ സമൻസ് അയക്കുമെന്ന് ഇ.ഡി. അഭിഭാഷകൻ സൗരഭ് പാണ്ഡെ വ്യക്തമാക്കി.
റായ്‍പുരിലെ പ്രത്യേക കോടതിയിലാണ് ജനുവരി ഒന്നിന് അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം സമർപ്പിച്ചത്. ശുഭം സോണി, അമിത് കുമാർ അഗർവാൾ, രോഹിത് ഗുലാത്തി, ഭീംസിങ്, അസീം ദാസ് എന്നിവർക്കെതിരേയാണ് കുറ്റപത്രം. ഇ.ഡി. അറസ്റ്റുചെയ്ത അസീംദാസ് മഹാദേവ് ആപ്പ് ഉടമകൾതന്നെ ഭൂപേഷ് ബഘേലിന് പണം കൈമാറാൻ അയച്ചതാണെന്നാണ് ആരോപിച്ചത്. പിന്നീടിയാൾ അതു നിഷേധിച്ചെങ്കിലും വീണ്ടും മനസ്സുമാറി. കടുത്ത സമ്മർദംമൂലമാണ് മൊഴിമാറ്റിയതെന്നും ഇപ്പോൾ ആദ്യം പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ഇ. ഡി. കോടതിയെ അറിയിക്കുകയും ചെയ്തു.