നാനിംഗ് : ഭൂരിഭാഗം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും അവരുടെ ഹാന്‍ഡ്‌സെറ്റിലേക്കും അതിനകത്തെ നിരവധി സേവനങ്ങളിലേക്കും തല്‍ക്ഷണ ആക്സസ് ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍’. ഈ സംവിധാനത്തിന് അതിന്‍റെതായ പോരായ്മകളും ഉണ്ട്. അത്തരത്തിലുള്ള ഒരു പോരായ്മയുടെ നല്ലൊരു ഉദാഹരണമാണ് ചൈനയില്‍ സംഭവിച്ചിരിക്കുന്നത്. ഫേസ് ഐഡി ഉപയോഗിച്ച് കാമുകിയുടെ അക്കൗണ്ടില്‍ നിന്ന് കാമുകന്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.
ഉറങ്ങിക്കിടന്ന കാമുകിയുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്താണ് പണം തട്ടിയത്. കേസില്‍ കാമുകന് മൂന്നര വര്‍ഷം തടവും ലഭിച്ചു. തെക്കന്‍ ചൈനീസ് നഗരമായ നാനിംഗിലാണ് സംഭവം. ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ അലിപേ അക്കൗണ്ട് തുറക്കാന്‍ യുവാവ് കാമുകിയുടെ ഫേസ് ഐഡി ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. കാമുകിയുടെ മുഖം ഉപയോഗിച്ച് തന്നെയാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്തത്.
പെണ്‍കുട്ടി ഉറങ്ങുമ്പോള്‍ തന്നെ അവരുടെ ഫോണ്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴി പ്രതിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം ലഭിച്ചു. മുഖം തിരിച്ചറിയുന്നതിനായി ഉറങ്ങുന്ന കാമുകിയുടെ കണ്‍പോളകള്‍ കാമുകന്‍ തന്നെ തുറന്നു പിടിക്കുകയായിരുന്നു. ചൈനീസ് കമ്പനിയായ വാവെയ് നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അലിപേ അക്കൗണ്ടിലേക്ക് ആക്സസ് ലഭിച്ചതോടെ പ്രതി അക്കൗണ്ടിന്റെ പാസ്വേഡ് മാറ്റി. പിന്നാലെ കാമുകിയുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ (ഏകദേശം 18 ലക്ഷം രൂപ) സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ചൂതാട്ടത്തിനിറങ്ങി വലിയ തോതില്‍ കടങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലെ സുരക്ഷാ ഫീച്ചറുകളുടെ പോരായ്മകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത് ആദ്യമായല്ല മുഖം തിരിച്ചറിയല്‍ സംവിധാനം വഴി തട്ടിപ്പ് നടക്കുന്നത്. സുരക്ഷാ സാങ്കേതിക വിദ്യയെ കബളിപ്പിക്കാന്‍ സാധിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആപ്പിള്‍ ഐഫോണ്‍ X ഫെയ്സ് ഐഡിയിലേക്ക് മാറിയപ്പോഴും നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.