മാവേലിക്കര : ഇസാഫ് ബാങ്കിലും ക്രമക്കേടെന്ന് ആരോപണം. ബാങ്കില്‍ നിക്ഷേപിച്ച പണം പൂര്‍ണമായും അക്കൗണ്ടില്‍ എത്തിയില്ല എന്നാരോപിച്ച് അക്കൗണ്ട് ഉടമ കോടതിയെ സമീപിച്ചു. ഇസാഫ് ബാങ്കിന്റെ മാവേലിക്കര ശാഖയില്‍ നിക്ഷേപിച്ച പണമാണ് അക്കൗണ്ടില്‍ എത്താതിരുന്നത്. ഇതേ തുടര്‍ന്ന് ബാങ്കിന്റെ ക്യാഷ്യര്‍ സ്‌നേഹ, മനേജര്‍ സന്ദീപ് ,സിഇഒ കെ പോള്‍ തോമസ് , എന്നിവര്‍ക്കെതിരെ ചെറിയനാട് കക്കാട് വീട്ടില്‍ അരുണ്‍ സദാശിവക്കുറുപ്പാണ് അഭിഭാഷകന്‍ ഹരികൃഷ്ണന്‍ മുഖേന മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ജനുവരി 29ന് 190000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു. പണം അക്കൗണ്ടില്‍ എത്തിയ വിവരം ഫോണില്‍ ലഭിക്കാത്തതിനെതുടര്‍ന്ന് നേരിട്ട് ബാങ്കിലെത്തി പാസ്സ് ബുക്ക് പതിപ്പിച്ചപ്പോള്‍ നിക്ഷേപിച്ച 190000 രൂപയില്‍ 97500 രൂപ മത്രമേ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ളു എന്ന് മനസ്സിലായി. പരാതിപ്പെട്ടതനുസരിച്ച് അക്കൗണ്ടില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യാമെന്നു പറഞ്ഞെങ്കിലും പണം അക്കൗണ്ടില്‍ എത്തിയില്ല.
വിവരം അന്വേഷിക്കാന്‍ വീണ്ടും ബാങ്കിലെത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തന്നെ അപമാനിക്കുന്ന രീതിയിലുള്ള നടപടിയാണ് ഉണ്ടായതെന്ന് അരുണ്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മാവേലിക്കര സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ബാങ്ക് ഓംബുഡ്‌സ്മാന് പരാതി നല്‍കിയെങ്കിലും സ്‌കീം 2006 പ്രകാരം തന്റെ അധികാര പരിധിയില്‍ വരുന്നതല്ല ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്ന് മറുപടിയാണ് ലഭിച്ചത്. അന്വേഷണം നടത്തുന്നതില്‍ പോലീസ് അനാസ്ഥ കാട്ടുന്നതിനെചൊല്ലി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അരുണ്‍ പറയുന്നു തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.