പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ അളിയന്‍ മുക്ക് കൊച്ചു കോയിക്കല്‍ സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ. യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചത്.
സീതത്തോട് പഞ്ചായത്തിലെ ആദ്യകാല റോഡാണ് കൊച്ചുകോയിക്കല്‍ അളിയന്‍ മുക്ക് റോഡ്. ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് കുടുംബംങ്ങള്‍ക്ക് സഹായകമാകുന്ന പ്രധാന പാതയായി മാറും. ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കല്‍ -4ബ്ലോക്ക് കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 9.5 കിലോമീറ്റര്‍
റോഡ് നിലവിലുള്ള 3.80 മീറ്റര്‍ വീതിയുള്ളത് 5.50 മീറ്റര്‍ വീതിയായി വര്‍ധിപ്പിച്ചു ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്യുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ നീളത്തില്‍ 8.100 കി.മീറ്റര്‍ ബിഎം ആന്‍ഡ് ബിസിയിലും 1.400 കി.മീറ്റര്‍ കോണ്‍ക്രീറ്റിലും നിര്‍മിക്കും.
റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ ജിഎസ്ബിയും വാഹനം ഉപയോഗിച്ച് ബലപ്പെടുത്തിയതിനു ശേഷമാണ് ബിഎം ആന്‍ഡ് ബിസി ചെയ്യുന്നത്. ആവശ്യമുള്ള ഭാഗങ്ങളില്‍ ഓടയും ഐറിഷ് ഓടയും നിര്‍മിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ റോഡ് തകര്‍ന്നു പോകാതിരിക്കാന്‍ പൂട്ട് കട്ട പാകും. എട്ടു സ്ഥലങ്ങളില്‍ പൈപ്പ് കല്‍വര്‍ട്ടുകളും രണ്ടു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കലുങ്കുകളും വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിന് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കും.
ഗതാഗത നിയന്ത്രണത്തിനായി സെന്ററിലും വശങ്ങളിലും ലൈന്‍, ദിശാ ബോര്‍ഡ്, സ്റ്റഡ്സ് എന്നിവ സ്ഥാപിക്കുന്നതിനും ഡിപിആറില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷം കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ റോഡ് പരിപാലിക്കുന്നതിനുള്ള രീതിയിലുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.