കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കേസില്‍ കുടുക്കി വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
കുമ്മനത്തെ പൊതുസമൂഹത്തിന് നന്നായി അറിയാം. ആരോപണങ്ങളുമായി വന്നാല്‍ വിലപ്പോകില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ച് ബി.ജെ.പിയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുമ്മനത്തിനെതിരെയുള്ളത് നാഥനില്ലാത്ത കേസാണ്. രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിനു പിന്നില്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ നാണംകെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇടതുനേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.