കൊല്ലം : ചെമ്മീന്‍, ഞണ്ട് ഹാച്ചറികളില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം കിട്ടുമെന്നു പറഞ്ഞു മണിചെയിന്‍ മാതൃകയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനി കേരളത്തില്‍നിന്നു കോടികള്‍ തട്ടിയെടുത്തു. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കമ്പനിക്കെതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍നിന്നു പരാതി ലഭിച്ചു. ഇതില്‍ അന്വേഷണത്തിനായി പോലീസ് അടുത്ത ദിവസം തമിഴ്നാട്ടിലേക്കു പോകും. കമ്പനി ഉടമകള്‍ ഒളിവിലാണെന്നാണു വിവരം. സമാനമായ തട്ടിപ്പ് മുമ്പും കേരളത്തില്‍ നടന്നിരുന്നു. തേക്ക്, മാഞ്ചിയം തോട്ടങ്ങളുടെ പേരിലും ആട് വളര്‍ത്തലിന്റെ പേരിലുമായിരുന്നു ഈ തട്ടിപ്പുകള്‍. നിക്ഷേപകരുടെ കോടികളാണ് അന്ന് നഷ്ടപ്പെട്ടത്.
ആയിരം കോടി രൂപയെങ്കിലും തട്ടിയെടുത്തതായാണു പ്രാഥമിക സൂചന. വ്യാവസായികാടിസ്ഥാനത്തില്‍ 10 പൈസയ്ക്കു വാങ്ങുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളെ ഹാച്ചറികളില്‍ വളര്‍ത്തി 3 മാസം കഴിഞ്ഞു കയറ്റുമതി ചെയ്യുമ്പോള്‍ ഒരു ചെമ്മീന് 4 ഡോളര്‍ വില കിട്ടുമെന്നും ലാഭവിഹിതം നിക്ഷേപകര്‍ക്കു വീതം വയ്ക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനിയുടെ വെബ്സൈറ്റ് വിലാസം നിലവിലുണ്ടെങ്കിലും ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 8000 രൂപ വീതം 26 ആഴ്ച നല്‍കും. ഇങ്ങനെ മാത്രം നിക്ഷേപകന് 2,08,000 രൂപ കിട്ടുമെന്നതു കേട്ടു സംസ്ഥാനത്ത് ആയിരക്കണക്കിനു പേര്‍ പണം നിക്ഷേപിച്ചു. ഇതിനു പുറമെ ഒരാളെ പുതുതായി നിക്ഷേപകനാക്കിയാല്‍ ആ തുകയുടെ ഒരു ശതമാനം കമ്മിഷനായി കിട്ടുമെന്നുമായിരുന്നു വാഗ്ദാനം.
ആദ്യഘട്ടത്തില്‍ വിഹിതം തിരികെ നല്‍കി നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച കമ്പിനി, ഇവര്‍ വഴി ബന്ധുക്കളും പരിചയക്കാരും അടക്കം കൂടുതല്‍ പേരെ ആകര്‍ഷിച്ചു. ഒരു കോടി രൂപ വരെ നിക്ഷേപിച്ചവര്‍ ഉണ്ടെന്നാണു വിവരം. 2018 നവംബറില്‍ രൂപീകരിക്കപ്പെട്ട കമ്പനി, ജില്ലാ ആസ്ഥാനങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
മാര്‍ക്കറ്റിങ് രംഗത്തു പ്രവര്‍ത്തനപരിചയമുള്ളവരെയും പൊതുരംഗത്തു സ്വാധീനമുള്ളവരെയും നിക്ഷേപകരും ഫീല്‍ഡ് പ്രതിനിധികളുമാക്കി. ചെന്നൈ മഹാബലിപുരത്തെയും മറ്റും ചെമ്മീന്‍ ഹാച്ചറികള്‍ ഇവരെ കൊണ്ടുപോയി കാണിച്ചു വിശ്വാസം ആര്‍ജിച്ച ശേഷം ഇവര്‍ വഴി ആയിരക്കണക്കിനുപേരെ കണ്ണി ചേര്‍ക്കുകയും ചെയ്തു. ‘ടാര്‍ഗറ്റ്’ കൈവരിച്ചവരെ മലേഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കൊണ്ടുപോകുകയും ചെയ്തു. നിക്ഷേപത്തുക തിരികെ ലഭിക്കുന്നതു മുടങ്ങിയതോടെ ഇടപാടുകാര്‍ അന്വേഷിച്ചപ്പോഴാണു തട്ടിപ്പു പുറത്തായത്.