പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയില്‍വെ സ്റ്റേഷനിൽ വെച്ച് ആര്‍പിഎഫ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി പുളിയാൻ കുടി ജിന്ന നഗറിൽ താമസിക്കുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ (28) ആണ് അറസ്റ്റിലായത്. വിദേശ കറന്‍സി വ്യാപാരത്തിന്‍റെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്.
പോലീസിന്‍റെ പരിശോധന ഭയന്ന് തുണികൊണ്ട് നിര്‍മിച്ച പ്രത്യേക ബെല്‍റ്റിനുള്ളിൽ പണം നിറച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ട്രെയിനിന്‍റെ ടോയ്ലെറ്റിൽ ഒളിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ട്രെയിനിന്‍റെ ടോയ്‌ലെറ്റുകൾ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. പാലക്കാട് ആർപിഎഫ് കമാന്‍ഡന്‍റ് നവീൻ പ്രസാദിന്‍റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ ബിനോയ് കുര്യൻ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ, സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ വിജേഷ്, കോൺസ്റ്റബിള്‍മാരായ പ്രവീൺ, ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.