പിലാത്തറ : സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് ബാധിച്ച പയ്യന്നൂര്‍ സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരം. ശനിയാഴ്ച രാത്രിയാണ് 31-കാരനായ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, ത്വഗ്രോഗവിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ അഞ്ചംഗ മെഡിക്കല്‍സംഘം രൂപവത്കരിച്ചു.
മങ്കിപോക്സിന് പ്രത്യേക മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ലക്ഷണങ്ങള്‍ നോക്കിയാണ് മരുന്നുകളും ചികിത്സയും. രോഗികള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യുവാവിന്റെയൊപ്പം സഞ്ചരിച്ചവരും വീട്ടുകാരും നിരീക്ഷണത്തിലാണ്.
യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി
ജൂലായ് 13-ന് ഉച്ചയ്ക്ക് 12.20-ന് ദുബായിയില്‍നിന്ന് പുറപ്പെട്ട 31-കാരന്‍ വൈകിട്ട് അഞ്ചരയോടെയാണ് മംഗളൂരുവില്‍ വിമാനമിറങ്ങിയത്. നേരിയ പനിയും അസ്വസ്ഥതയും അപ്പോഴുണ്ടായിരുന്നു. അവിടെനിന്ന് ടാക്‌സിയില്‍ നേരേ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. ഹസ്സന്‍ഗുഡിയില്‍വെച്ച് ഡ്രൈവറും യുവാവും റസ്റ്റോറന്റില്‍ കയറി ചായകുടിച്ചിരുന്നു. ത്വക്കില്‍ പോളകള്‍ കണ്ടതിനെതുടര്‍ന്ന് 14-ന് രാവിലെ സ്വന്തം ബൈക്കില്‍ പയ്യന്നൂരിലെ ചര്‍മരോഗവിദഗ്‌ധനെ കണ്ടു. അയാളുടെ പരിശോധനയിലാണ് രോഗം സംശയിക്കുന്നത്. അദ്ദേഹം വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവാവിനെ മാറ്റി. തുടര്‍ന്ന് പുണെയിലെ വൈറോളജി ലാബില്‍ ശ്രവം പരിശോധിച്ചപ്പോഴാണ് മങ്കിപോക്സ് ആണെന്ന് തിരിച്ചറിഞ്ഞത്.
ആലപ്പുഴ ലാബില്‍ പരിശോധനയ്ക്ക് സൗകര്യമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ശ്രവം പുനെയിലേക്ക് അയച്ച് പരിശോധിക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ, രണ്ട് മക്കള്‍, അമ്മ എന്നിവരും മംഗളൂരുവിലെ കാര്‍ഡ്രൈവറും നിരീക്ഷണത്തിലാണ്. വിമാനത്തില്‍ കണ്ണൂര്‍ സ്വദേശികളായ 12 പേരും കാസര്‍കോട് സ്വദേശികളും ഉണ്ടായിരുന്നു. പക്ഷേ, ഇവരാരും യുവാവിന്റെ അടുത്തടുത്തിരുന്ന് യാത്രചെയ്തവരല്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്. അറിയിപ്പും നല്‍കുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്‌പത്രിക്ക് പുറമേ, കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കുന്നുണ്ട്. സ്രവസാമ്പിള്‍ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കൊറോണ വൈറസുപോലെ തീവ്രതയില്‍ പടരുന്നതല്ല മങ്കിപോക്സ് വൈറസ് എന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തലത്തിലും സൂക്ഷ്മപരിശോധന നടത്തുമെന്ന് ഡി.എം.ഒ പറഞ്ഞു.