പത്തനംതിട്ട : നാലായിരം കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കോന്നി – വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും കടുത്തുരുത്തി എം. എല്‍.യും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മോന്‍സ് ജോസഫുമായി വളരെ അടുത്ത ബന്ധം. റോയിയുടെ വീട്ടിലെ ഏതു ചടങ്ങുകള്‍ക്കും മോന്‍സ് ജോസഫ് ഓടിയെത്തുമായിരുന്നു. റോയിയുടെ സഹോദരീ ഭര്‍ത്താവും പോപ്പുലര്‍ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനുമായ അങ്കമാലി കറുകുറ്റി സ്വദേശിയും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസം ഉള്ളതുമായ വര്‍ഗീസ് പൈനാടത്തിന്റെ ഏറ്റവും അടുത്തയാളാണ് മോന്‍സ് ജോസഫ്. ഓസ്ട്രേലിയയില്‍ എത്തിയാല്‍ താമസിക്കുന്നതും വര്‍ഗീസ് പൈനാടന്റെ മെല്‍ബണിലുള്ള വീട്ടിലാണ്. മോന്‍സ് ജോസഫിന് മെല്‍ബണില്‍ ഒരു വീട് വാങ്ങിക്കൊടുത്തതും വര്‍ഗീസ് പൈനാടന്‍ ആണെന്നാണ് വിവരം.
കേരളത്തില്‍ നിന്നും കോടികള്‍ ഓസ്ട്രേലിയയിലേക്ക് കടത്തിയത് വര്‍ഗീസ് പൈനാടന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഈ പണം ബിസിനസ്സിലും വസ്തുവകകള്‍ വാങ്ങുന്നതിനും വിനിയോഗിച്ചുവെന്നാണ് വിവരം. കൂടാതെ അടുത്തനാളില്‍ അഞ്ച് ആഡംബര കാറുകള്‍ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിക്കുന്നു. പോപ്പുലര്‍ ഉടമ റോയിയുടെ മാതാവിനെ വളരെ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക് കടത്തിയിരുന്നു. റോയിയുടെ മൂന്നു മക്കള്‍ക്കും ബിസിനസ് പി.ആര്‍ ( പെര്‍മനെന്റ് റസിഡന്‍സി) കോടികള്‍ ചെലവഴിച്ച് എടുത്തത് അടുത്ത നാളിലാണ്. ഇതിനു ശേഷം മാത്രമേ ഓസ്ട്രേലിയന്‍ പൌരത്വം ലഭിക്കുകയുള്ളൂ. വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാനുള്ള എല്ലാ മുന്നൊരുക്കങ്ങളും റോയിക്കും കുടുംബത്തിനും വേണ്ടി സഹോദരി ഷൈലയും വര്‍ഗീസ് പൈനാടനും ചെയ്തിരുന്നു.
എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് പോപ്പുലര്‍ തട്ടിപ്പ് വാര്‍ത്ത പുറത്തായത്. ഇതോടെ പെട്ടെന്ന് ഓസ്ട്രേലിയയിലേക്ക് രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് രണ്ടു മക്കളെ അതീവ രഹസ്യമായി ഡല്‍ഹി എയര്‍പോര്‍ട്ട് വഴി ഓസ്ട്രേലിയയിലേക്ക് കടത്താന്‍ നോക്കിയെങ്കിലും അവര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഇതോടെ തിരുവല്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റോയിയും ഭാര്യ പ്രഭയും പത്തനംതിട്ടയിലെത്തി എസ്,പി സൈമണിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു.
വാര്‍ത്തകള്‍ തുടരും – കീഴടങ്ങുന്നതിന് മുമ്പ് മെത്രാന്റെ അനുഗ്രഹംതേടി അരമനയില്‍