കൊച്ചി : സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുക്കളുടെ പേരിലാണ് ഇയാള്‍ സമ്ബന്നരെയും സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരെയും വലയില്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍ മോന്‍സണിന്റെ ഭൂതകാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
ചേര്‍ത്തലയിലെ ഒരു വൈദികന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയുടെ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മോന്‍സണ്‍ തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് ജോമോന്‍ ആരോപിക്കുന്നത്. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയ വൈദികന്‍ പിന്നീട് വിദേശത്തു പോയി കോടികള്‍ ഉണ്ടാക്കിയതിന് ശേഷം വലിയതുക മാനം രക്ഷിച്ചതിനുള്ള പ്രതിഫലമായി മോന്‍സണ് നല്‍കി, അങ്ങനെയാണ് മോന്‍സണ്‍ മികച്ച സാമ്പത്തിക നിലയിലേക്ക് ഉയര്‍ന്നതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണം വിലയിരുത്താന്‍ ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ വൈകിട്ട് നാലരയോടെ മോന്‍സണെ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വ്യാജ രേഖകള്‍ ചമച്ചതിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം കൊച്ചിയിലും ചേര്‍ത്തലയിലുമുള്ള മോന്‍സണിന്റെ വീടുകളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളെക്കുറിച്ചും ഇയാളോട് ചോദിച്ചറിയും.