കൊച്ചി : തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് എറണാകുളം പ്രസ്‌ക്ലബിന്റെ പേരില്‍ പണം സ്വീകരിച്ച പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), സെക്രട്ടറി പി.ശശികാന്ത് (അമൃത ടി വി), ട്രഷറര്‍ സിജോ പൈനാടത്ത് (ദീപിക) എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി. ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മൂന്ന് പേരെയും മാറ്റാന്‍ തീരുമാനിച്ചത്. പകരം ഭാരവാഹികളെയും തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജി വെയ്ക്കാമെന്ന് സെക്രട്ടറി ശശികാന്ത് നിര്‍ദേശം വച്ചെങ്കിലും യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ അംഗീകരിച്ചില്ല. യോഗത്തില്‍ സംസാരിച്ച 17 അംഗങ്ങളും സെക്രട്ടറി പി.ശശികാന്തിന്റെ രാജി ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്നുള്ള ഒരു സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ് ആരോപണ വിധേയര്‍ക്ക് അനുകൂലമായി സംസാരിച്ചത്. പ്രസ്‌ക്ലബ് കുടുംബ മേളയുടെ പേരില്‍ വിവാദ തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ജില്ലാ കമ്മിറ്റിയോ പ്രസ്സ്‌ക്ലബോ അറിയാതെ ശശികാന്ത് സ്വന്തം അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്ന വേളയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശികാന്ത് ഇത് നിഷേധിച്ചിരുന്നു. സ്വന്തം അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വാങ്ങി എന്നത് കളവാണെന്നും മോന്‍സണ്‍ പണം നല്‍കിയതിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു സെക്രട്ടറി ശശികാന്ത് അന്ന് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇയാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. സ്വമേധയാ രാജി വെയ്ക്കാന്‍ ഇവര്‍ തയാറാകാതിരുന്നതോടെ മൂന്ന് പേരെയും മാറ്റി നിര്‍ത്തി പകരം ഭാരവാഹികള്‍ക്ക് ചുമതല നൽകാന്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
സെക്രട്ടറി ശശികാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനും പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്താനും സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെടാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ശശികാന്തില്‍ നിന്നും കമ്മീഷന്‍ ഇനത്തില്‍ പണം കൈപ്പറ്റിയ 24 ചാനല്‍ മുന്‍ റിപ്പോര്‍ട്ടറും ജില്ലാ നിര്‍വാഹക സമിതി അംഗവുമായ സഹിന്‍ ആന്റണിയെ യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
മോന്‍സനില്‍ നിന്ന് പണം വാങ്ങിയ സംഭവത്തില്‍ സെക്രട്ടറി ശശികാന്തും ജില്ലാ കമ്മിറ്റി അംഗം സഹിന്‍ ആന്റണിയും പരസ്പരം പഴിചാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തട്ടിപ്പുകാരനില്‍ നിന്ന് കെ.യു.ഡബ്‌ള്യു ജെ ജില്ലാ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഭാരവാഹികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
പ്രസ്‌ക്ലബില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന അഴിമതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പണാപഹരണം പോലെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വം നിശബ്ദത പാലിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. യൂണിയന് കീഴിലുള്ള പത്തോളം പ്രസ് ക്ലബുകള്‍ക്കെതിരെ വിജിലന്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണവും നടക്കുന്നുണ്ട്. നിരവധി പ്രസ്‌ക്ലബുകള്‍ക്കും ഭാരവാഹികള്‍ക്കും എതിരെ ആരോപണങ്ങളും നിലനില്‍ക്കുന്നത് പത്രപ്രവര്‍ത്തക യൂണിയന് തലവേദനയായി.