കൊച്ചി : മോൻസൺ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മാനേജർ ജിഷ്ണു. മോൻസൺ പറഞ്ഞതനുസരിച്ചാണ് പോക്സോ കേസിലെ ഇരയുടെ വീട്ടിൽ പോയതെന്നും ജിഷ്ണു പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോൻസൺ നിർദേശിച്ചത് അനുസരിച്ചായിരുന്നുവെന്നും ജിഷ്ണു പറയുന്നു. ഒളിക്യാമറകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിൽ ഈ പെൻഡ്രൈവലുണ്ടായിരുന്നത് ഒളിക്യാമറകൾ വഴി ശേഖരിച്ച ദൃശ്യങ്ങളാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
മോൻസൺ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് പെൻഡ്രൈവ് നശിപ്പിക്കാൻ പറഞ്ഞത്. ചില ഡോക്യുമെന്റ്സ് മാത്രമാണ് അതിലുള്ളതെന്ന് പറഞ്ഞതുകൊണ്ട് കൂടുതൽ പരിശോധിച്ചില്ല. പെൻഡ്രൈവ് കത്തിച്ച ശേഷം തിന്റെ അവശിഷ്ടങ്ങൾ പൊടിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. തന്നെ ഒരു കാരണവശാലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിൽ കുടുക്കാൻ കഴിയില്ലെന്നും കള്ളപ്പരാതികൾ നൽകിയവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോൻസൺ പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു.
2016 മുതൽ മോൻസൺ മാവുങ്കലിന്റെ സ്റ്റാഫാണ് ജിഷ്ണു, ആദ്യം അക്കൗണ്ടന്റായും പിന്നീട് മാനേജറായും ജോലി ചെയ്യുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മോൻസണെ കാണാൻ വന്നിരുന്നത് ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നുവെന്നും ഇരുവരും തമ്മിൽ മറ്റ് ഇടപാടുകളുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും ജിഷ്ണു പറയുന്നു.
മോൻസൺ വീട്ടിൽ 50 ൽ അധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നത്. ഗസ്റ്റ്ഹൗസിന്റെ മുക്കും മൂലയും ക്യാമറയിൽ ദൃശ്യമാകുന്ന രീതിയിലാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. വീട്ടിലെ ഓരോ വസ്തുവും കുറഞ്ഞത് മൂന്ന് ക്യാമറയിലെങ്കിലും ദൃശ്യമാകുമായിരുന്നു. എന്നാൽ ഒളിക്യാമറകളുടെ കാര്യം ഫോറൻസിക് വിഭാഗം പരിശോധന നടത്തി കണ്ടെത്തിയപ്പോഴാണ് ജീവനക്കാരായ തങ്ങളും അറിഞ്ഞതെന്നും ജിഷ്ണു പറയുന്നു.
സുരക്ഷാ ജീവനക്കാർക്ക് മോൻസൺ നൽകിയിരുന്നത് കളിത്തോക്കുകളാണെന്നും ഒരു ഷോയ്ക്ക് അത് അവിടെ ഇരിക്കട്ടേയെന്ന് പറഞ്ഞ ശേഷമാണ് നൽകിയിരുന്നതെന്നും ജിഷ്ണു പറയുന്നു. അനിത പുല്ലയിലുമായി മോൻസൺ നല്ല സുഹൃത്തായിരുന്നു. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയതിന്റെ പണം ചിലവാക്കിയതാണ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്നും മാനേജർ പറയുന്നു.