തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് ഇഡി ഡിജിപിക്ക് നൽകിയ വിഷയത്തിലാണ് സിപിഐ പ്രതിരോധം തീർക്കാതെ മാറിനിൽക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും ഇടത് രാഷ്ട്രീയമാണെന്നും പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. കെഎസ്ഇബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളിലും സിപിഐയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടത് മൂല്യങ്ങൾ സിപിഐക്ക് നിർബന്ധമാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി എൽഡിഎഫ് നേരിടും. ഇഡി-യെ എല്ലാവർക്കുമറിയാം. രാഷ്ട്രീയത്തിന്റെ കണ്ണുവെച്ചുകൊണ്ട് കേന്ദ്ര ഏജൻസികൾ വരാറുണ്ട്. ആ നീക്കമുണ്ടായാൽ എൽഡിഎഫ് എതിർക്കും. അതാണ് സിപിഐ നയമെന്നും ബിനോയ് വിശ്വം പറഞ്ഞു.































