റാന്നി : ഇട്ടിയപ്പാറ-ജണ്ടായിക്കൽ-ബംഗ്ലാവ്കടവ്-വടശ്ശേരിക്കര റോഡിന്റെ പണികൾ മന്ദഗതിയിലാണ്. പണികൾ തുടങ്ങി അഞ്ച് മാസത്തോളമായിട്ടും കലുങ്കുകളുടെ പണികൾപോലും പൂർത്തിയായിട്ടില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എം.എൽ.എ. ഫണ്ടിൽനിന്നുമാണ് പ്രമോദ് നാരായൺ എം.എൽ.എ. റോഡ് ഉന്നതനിലവാരത്തിൽ നവീകരിക്കുന്നതിനായി പത്ത് കോടി രൂപ അനുവദിച്ചത്. എന്നാൽ നവീകരണം മന്ദഗതിയിലാണ്. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് എട്ടുവർഷത്തോളമായ റോഡിൽ കുഴികളില്ലാത്ത ഭാഗങ്ങളില്ല.
ജണ്ടായിക്കൽ മുതൽ കിടങ്ങുംമൂഴി വരെയുള്ള ഭാഗത്തെ സംരക്ഷണഭിത്തി നിർമാണവും കലുങ്ക് നിർമാണവുമാണ് തുടങ്ങിയത്. ഇത്രയും ഭാഗത്ത് ഒമ്പത് കലുങ്കുകളുടെ പണികൾ നടന്നുവരുന്നു. ഓരോ കലുങ്കിന്റെയും പകുതിഭാഗം വീതമാണ് നിർമിക്കുന്നത്. എല്ലാത്തിന്റെയും പകുതി പണികൾ പൂർത്തിയാക്കി. മറുഭാഗത്തെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് കലുങ്കുകൾകൂടി നിർമിക്കാനുണ്ട്. തുടക്കത്തിൽ പണികളെക്കുറിച്ചും പരാതി ഉയർന്നിരുന്നു. കോൺക്രീറ്റിങ്ങിന് എം.സാൻഡിന് പകരം പാറപ്പൊടി ഉപയോഗിച്ചതിനെ നാട്ടുകാർ എതിർത്തു. പൊതുപ്രവർത്തകനായ ജോസഫ് താന്നിക്കൽ ഇടിക്കുള നൽകിയ പരാതിയെത്തുടർന്ന് പൊതുമരാമത്തുവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അന്വേഷണം നടത്തി. എന്നാൽ തുടർനടപടികളുണ്ടാകാത്തതിനാൽ പിന്നീട് പൊതുമരാമത്തുവകുപ്പ് മന്ത്രിക്കും വിജിലൻസ് വിഭാഗത്തിനും പരാതി നൽകി.