മൂവാറ്റുപുഴ : പട്ടാപ്പകല്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. അക്രമത്തില്‍ പങ്കുചേര്‍ന്ന 17 വയസുകാരനാണ് പോലീസ് പിടിയിലായിരിക്കുന്നത്. മുഖ്യ പ്രതി ബേസിലിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണ്ടിരിമല തടിലകുടിപാറയില് അഖില്‍ (19) നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ആരക്കുഴ റോഡിലുള്ള മെഡിക്കല്‍ ഷോപ്പില്‍നിന്നു മാസ്ക് വാങ്ങി അഖിലും സുഹൃത്തും തിരികെ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കൈക്കും തലയ്ക്കും വെട്ടുകയായിരുന്നു. വെട്ടേറ്റ അഖിലിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. കറുകടം ഞാഞ്ഞൂല് കോളനിയില്‍ ബേസില്‍ എല്‍ദോയും മറ്റൊരാളുമാണ് തന്നെ വെട്ടിയതെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എല്‍ദോയുടെ സഹോദരിയുമായി അഖില്‍ പ്രണയത്തിലായിരുന്നു. ഇതാണ് അക്രമത്തിന്റെ കാരണം. സഹോദരന് ആക്രമിക്കാന്‍ മാരകായുധങ്ങളുമായി വരുന്നുണ്ടെന്ന് പെണ്‍കുട്ടി അഖിലിനെ വിളിച്ചറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പരിക്കേറ്റ അഖിലിനെ ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ബേസിലിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.