നെടുമ്പാശ്ശേരി : ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ അഴിക്കുള്ളിലേക്ക്… എ.ടി.എം തകര്‍ക്കാന്‍ മോഷ്ടിച്ച ബൈക്കുമായി എത്തിയ മൂവര്‍ സംഘം അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.
മൂഴിക്കുളം കവലയിലെ എസ്ബിഐ ബാങ്കിന്റെ ശാഖയോടു ചേര്‍ന്നുള്ള എടിഎം തകര്‍ക്കാനെത്തിയതാണ് മൂവര്‍ സംഘം. എന്നാല്‍ ഒരു മണിക്കൂറോളം കിണഞ്ഞു പരിശ്രമിച്ചിട്ടും ശ്രമം വിജയിച്ചില്ല. എത്ര ശ്രമിച്ചിട്ടും എടിഎമ്മിന്റെ പുറമെയുള്ള ചട്ടക്കൂട് മാത്രമെ തകര്‍ക്കാനായുള്ളു. സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ മൂന്നോടെ 3 യുവാക്കള്‍ അടങ്ങിയ സംഘം ഹെല്‍മറ്റ് ധരിച്ച് എടിഎമ്മിനകത്തു കയറുന്നതും ശ്രമം വിഫലമായി ഒരു മണിക്കൂറിനകം തിരികെപ്പോകുന്നതും കണ്ടെത്തി. പറവൂരിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു ഇവര്‍ എത്തിയത്. ശ്രമം പരാജയപ്പെട്ടതോടെ കുറുമശേരിയില്‍ നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കില്‍ മടങ്ങി പോകുമ്പോള്‍ കോതമംഗലത്തു വെച്ച് അപകടത്തില്‍ പെട്ട് സംഘത്തിലെ മൂവര്‍ക്കും പരുക്കേറ്റു. ബൈക്ക് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.
മൂഴിക്കുളത്തെ തന്നെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ഇവര്‍ മോഷണ ശ്രമം നടത്തി. പറവൂര്‍ സ്വദേശികളായ ഇവരില്‍ 2 പേര്‍ 17 വയസ്സുള്ളവരും ഒരാള്‍ 16കാരനുമാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരില്‍ 2 പേരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ഒരാളെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറക്ക് ഇവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ മോഷ്ടിച്ച ബൈക്കുകളില്‍ യാത്ര ചെയ്യുന്നതിന്റെയും എടിഎമ്മില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
The post ആശുപത്രിയില്‍ നിന്നിറങ്ങിയല്‍ അഴിക്കുള്ളിലേക്ക്…എ.ടി.എം തകര്‍ക്കാന്‍ മോഷ്ടിച്ച ബൈക്കുമായി എത്തിയ മൂവര്‍ സംഘം അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ appeared first on Pathanamthitta Media.