സീതത്തോട് : മൂഴിയാർ-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കുന്നു. മലയോരമേഖലയിൽനിന്ന് തലസ്ഥാനത്തേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന ഈ ബസ് കോവിഡിനോടനുബന്ധിച്ചാണ് നിർത്തിവെച്ചത്. കെ.ബി. ഗണേഷ് കുമാർ വകുപ്പ് മന്ത്രിയായതിനെ തുടർന്ന് മലയോരമേഖലയിലെ ജനങ്ങൾ നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവീസ് വീണ്ടും തുടങ്ങാൻ നടപടിയായത്. കോവിഡ് കാലത്ത് നിർത്തിയ സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ മുമ്പ് തീരുമാനിച്ചപ്പോഴും തിരുവനന്തപുരം-മൂഴിയാർ തുടങ്ങിയിരുന്നില്ല.
മൂഴിയാറിൽനിന്ന് പുലർച്ചെ തുടങ്ങുന്ന സർവീസ് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വെഞ്ഞാറംമൂട് ഡിപ്പോയിൽനിന്നാണ് സർവീസ് അനുവദിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നുമണിയോടെ തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന സർവീസ് ഏഴുമണിയോടെ പത്തനംതിട്ടയിലെത്തി ചിറ്റാർ, സീതത്തോട് വഴി മൂഴിയാറിലേക്ക് സർവീസ് നടത്തുന്നത് മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറെ സൗകര്യമാണ്. മുമ്പ് സർവീസ് നടത്തിയിരുന്നപ്പോഴും ഉയർന്ന വരുമാനം ലഭിച്ചിരുന്നു. മലയോര മേഖലയിൽനിന്ന് രാവിലെതന്നെ തലസ്ഥാനത്തേക്ക് എത്തിച്ചേരാമെന്നതിനാൽ യാത്രക്കാർക്ക് വലിയസൗകര്യമായിരുന്നു ഈ സർവീസ്. ബസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മന്ത്രി അടിയന്തരനടപടി സ്വീകരിക്കുകയായിരുന്നു. സർവീസ് നടത്തുന്നതിനുള്ള ബസും അനുവദിച്ച് ഉത്തരവായിട്ടുണ്ട്.