ഗയ : ആണ്‍ സുഹൃത്തിനൊപ്പം ഇരുന്ന പെണ്‍കുട്ടിക്ക് നേരെ നാട്ടുകാരുടെ ക്രൂര ആക്രമണം. ബിഹാറിലെ ഗയയിലാണ് സദാചാര പോലീസ് ആക്രമണം നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയെ അപമാനിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫെബ്രുവരി 20നാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ ഇടത്തിരുന്ന് സംസാരിക്കുകയായിരുന്ന ഇവരെ ഒരുകൂട്ടം തടഞ്ഞുവെച്ച് അപമാനിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ ഷോള്‍ പിടിച്ചു വാങ്ങിയ സംഘം അസഭ്യം പറയുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. തങ്ങളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട ആണ്‍കുട്ടിയെ ഇവര്‍ കയ്യേറ്റം ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്നുപോയി പിടിച്ചുകൊണ്ടുവന്ന ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി. വിട്ടയ്ക്കണമെന്ന് തൊഴുതു പറയുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് എസ്പി ആദിത്യകുമാര്‍ പറഞ്ഞു.