അച്ചന്‍കോവില്‍ : മലയോര മേഖലയെ ആശങ്കയിലാക്കി കോഴികള്‍ കൂട്ടത്തോടെ ചാകുന്നു. ചെമ്പനരുവി, മുള്ളുമല, മേഖലകളിലാണ് കോഴികള്‍ ചാകുന്നത്. ചെമ്പനരുവി ചരുവിള വീട്ടില്‍ റോസമ്മ, കൃഷ്ണ സദനത്തില്‍ രത്‌നമ്മ, കാഞ്ഞപറമ്പില്‍ വീട്ടില്‍ പൊന്നച്ചന്‍ എന്നിവരുടേതുള്‍പ്പെടെ നൂറിലധികം കോഴികളാണ് ചത്തത്. രണ്ടാഴ്ച മുന്‍പ് ഇതേ പഞ്ചായത്തിലെ പുന്നല, ചാച്ചിപ്പുന്ന, പടയണിപ്പാറ മേഖലകളിലായി 200 ഓളം കോഴികള്‍ ചത്തിരുന്നു.
പക്ഷിപ്പനിയാണെന്ന ഭയത്തിലായിരുന്നെങ്കിലും അല്ലെന്നു മൃഗ സംരക്ഷണ വകുപ്പ് വ്യക്തമാക്കിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. പാസ്റ്ററെല്ലോസിസ് എന്ന രോഗമാണ് നേരത്തെ ചത്ത കോഴികള്‍ക്ക് ഉണ്ടായിരുന്നതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. പുന്നലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ചെമ്പനരുവിയിലാണ് ഇപ്പോള്‍ കോഴികള്‍ ചത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴികള്‍ വെറുതേ നില്‍ക്കുന്ന നില്‍പില്‍ ‘തൂങ്ങി’ നിന്നു ചത്തു വീഴുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.