കണ്ണൂര്‍: യു.ഡി.എഫ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.ടി. മാത്യുവിനെ സ്ഥാനത്തുനിന്ന് നീക്കിയേക്കും. വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനുമായ സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസില്‍പ്പെട്ട പി.ടി മാത്യുവിനെതിരെ ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടിയില്‍. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന സോണിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് ആലക്കോട് പോലീസ് പി.ടി മാത്യുവിനെതിരെ കേസെടുത്തത്.
സാമൂഹികസ്പര്ധയുണ്ടാക്കി, വ്യക്തിഹത്യ നടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത കേസായതിനാല്‍ യു.ഡി.എഫ് ജില്ല ചെയര്മാന് പദവിയിലിരുത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് സംസ്ഥാന യു.ഡി.എഫ് നേതൃത്വം വിലയിരുത്തിയത്. വിഷയം കെ.പി.സി.സിയുടെ പരിധിയിലേക്ക് എത്തിയിട്ടുണ്ടെന്നും നേതൃത്വമാണ് മറ്റ് കാര്യങ്ങള്‍ ആലോചിക്കുകയെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
എന്നാല്‍ എ ഗ്രൂപ്പിലെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള നീക്കം തുടങ്ങിയതായും സൂചനയുണ്ട്. പ്രശ്നം പറഞ്ഞുതീര്‍ത്ത് കോടതിയില്‍ വെച്ച് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കമാണ് നേതാക്കള്‍ നടത്തുന്നത്. അങ്ങനെ തീര്‍ന്നില്ലെങ്കില്‍ ജില്ലയില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിയുണ്ടാവും. മാത്രമല്ല മാത്യുവിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാവുകയും ചെയ്യും.
കരുവഞ്ചാലില്‍ മാത്യുവിന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ്ലൈന്‍ മുഖേനയുള്ള ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ചാണ് സോണി സെബാസ്റ്റ്യനെ അവഹേളിക്കുന്ന പ്രൊഫൈല്‍ നിര്‍മ്മിച്ചതെന്നാണ് സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍. സോണി നല്കിയ പരാതിയില്‍ ആദ്യം സംശയമുയര്ന്നില്ലെങ്കിലും പിന്നീട് മാത്യുവിലേക്ക് എത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്ന മാര്‍ച്ച് ആദ്യം ജോണ്‍ ജോസഫ് എന്നയാളുടെ പേരില്‍ പ്രൊഫൈല്‍ നിര്‍മ്മിച്ച് തനിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു സോണിയുടെ പരാതി.
ആലക്കോട് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സോണി ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നല്കിയ ഹരര്‍ജി ഹൈക്കോടതി തള്ളിയതായും ജോണ്‍ ജോസഫിന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവും ഒപ്പം ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. ‘അഴിമതിവീരന് സോണി സെബാസ്റ്റ്യന്‍ നമ്മുടെ സ്ഥാനാര്‍ഥിയായി വരണോ? ഏപ്രില്‍ 28ന് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തില്‍ സോണി കോണ്‍ഗ്രസ് സ്ഥാനാര്ഥിയായിവരുന്നത് വളരെയേറെ ദോഷംചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്’ എന്നായിരുന്നു മറ്റൊരു പോസ്റ്റില്‍. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്.
സംഭവം പുറത്തായതോടെ 21ന് ഉച്ചകഴിഞ്ഞ് പ്രൊഫൈല്‍ ഫേസ് ബുക്കില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സിറ്റിങ് എം.എല്‍.എ കെ.സി. ജോസഫ് ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ ഈ സീറ്റിനുവേണ്ടി എ ഗ്രൂപ്പുകാരായ ഇരുവരും രംഗത്തിറങ്ങി കളികള്‍ പയറ്റിയിരുന്നു.
അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്ന സമയത്താണ് വ്യാജ പ്രൊഫൈലില്‍ ഫേസ് ബുക്ക് പോസ്റ്റ് വന്നതെന്നും പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും ആരൊക്കെയാണ് പിന്നിലെന്ന് പോലീസ് തെളിയിക്കുമെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. എന്നാല്‍ തന്റെ അറിവില്ലാത്ത പോസ്റ്റാണ് പുറത്തുവന്നതെന്നും 49 വര്‍ഷത്തെ പൊതുജീവിതത്തില്‍ ആരെയും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അത് തെളിയിക്കുമെന്നും പി.ടി. മാത്യു പറഞ്ഞു.