തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചേക്കുമെന്ന് സൂചന. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനില്‍കുമാറിനേയും ശിവദാസന്‍ നായരേയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്‍കിയിട്ടും അച്ചടക്കനടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തനാണ്.
ഇന്ന് 11 മണിക്ക് അനില്‍ കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.സി.സി അധ്യക്ഷപ്പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ച ശിവദാസന്‍ നായരും രാജ്മോഹന്‍ ഉണ്ണിത്താനും നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് നേതൃത്വം അറിയിച്ചിരുന്നു. അനില്‍കുമാര്‍ നല്‍കിയ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമല്ലാത്തതിനാലാണ് നടപടി പിന്‍വലിക്കാത്തതെന്നാണ് സൂചന.
എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ അനില്‍കുമാര്‍. തന്നെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നുമുള്ള നിലപാടിലേക്ക് അനില്‍ കുമാര്‍ എത്തിയതതായാണ് സൂചന. ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു സസ്പെന്‍ഷന്‍.
കോഴിക്കോട് എം.പി എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്‍റെ ആക്ഷേപം. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.പി അനില്‍കുമാര്‍ ആവര്‍ത്തിച്ചിരുന്നു.