ചെങ്ങന്നൂര്‍ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി ബി.ജെ.പി നേതാവ് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തിയേറുന്നു. ഇതിനകം പരാതി 10 ആയി. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലെ എഫ്.സി.ഐയില്‍ ജോലി നല്‍കാമെന്ന വ്യാജേന ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും പാര്‍ട്ടി മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമായ സനു എന്‍. നായരടക്കം മൂന്നംഗ സംഘം കോടികള്‍ തട്ടിപ്പു നടത്തിയതായാണ് പരാതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരാണ് പരാതിക്കാര്‍.
കഴിഞ്ഞ ദിവസം വരെ എട്ടുപേരായിരുന്നു പരാതി നല്‍കിയത്. പുതുതായി രണ്ട് പേര്‍കൂടി ഇന്ന് എത്തി. തട്ടിപ്പിനിരയായവരുടെ മൊഴിയെടുത്തുവരുകയാണ്. പരാതികള്‍ ഇനിയുമുണ്ടാകുമെന്ന് പോലീസ് കരുതുന്നു. പന്തളം സ്വദേശിയില്‍നിന്ന് 15 ലക്ഷവും സനുവിന്റെ നാട്ടുകാരനായ കാരക്കാട് സ്വദേശി അജിനു സദാശിവനില്‍നിന്ന് 18 ലക്ഷവും ആണ് കൈപ്പറ്റിയത്. രണ്ടു വര്‍ഷമായി ഈ തട്ടിപ്പ് തുടര്‍ന്നുവരുകയായിരുന്നു. ജോലി കിട്ടാതെ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് ചെക്ക് നല്‍കി പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. കോവിഡ് ലോക്ഡൗണ്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാന-കേന്ദ്ര നേതാക്കളുമായുള്ള പരിചയവും മന്ത്രിമാരുമായുള്ള ബന്ധവും പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ വലയിലാക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ പ്രമുഖരുമായുള്ള ഫോട്ടോകളാണ് സനു പോസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മുളക്കുഴയിലെ അരീക്കര ഡിവിഷനില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.