കൊച്ചി : കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും. കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ചുങ്കം അടച്ച് കമ്പനികൾക്ക് കണ്ടെയ്നറുകൾ ഏറ്റെടുക്കാം. അല്ലെങ്കിൽ സാധനങ്ങൾ കണ്ടുകെട്ടാനാണ് കസ്റ്റംസ് നീക്കം. കണ്ടയ്നറുകളിലെ മിക്ക സാധനങ്ങളും കടലിൽ നഷ്ടമായ സാഹചര്യത്തിൽ കമ്പനികൾ ഇനി ഇവ ഏറ്റെടുക്കുമോ എന്നതിൽ വ്യക്തതയില്ല. പരിശോധനകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ നാളെ കൊല്ലം പോർട്ടിലേക്ക് മാറ്റും. ഇതിനിടെ തിരുമുല്ലാവാരത്തും കൊല്ലം ബീച്ചിന് സമീപം തിരുവാതിര നഗറിലും കണ്ടയ്നറുകൾ കരയ്ക്കടിഞ്ഞു. തിരുമുല്ലാ വാരത്തടിഞ്ഞത് ഉല്പന്നങ്ങളടങ്ങിയ കണ്ടെയ്നറാണ്.