പത്തനംതിട്ട : ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ എങ്ങനെ റിലാക്‌സ് ചെയ്യുന്നത് എന്നതനുസരിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആളുകളെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രോഗ വ്യാപനം തടയാന്‍ നിരീക്ഷണത്തിലാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തയ്യാറാക്കിവരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
നിലവില്‍ ഇത്തരത്തില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 8000 മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ മൊത്തം ജനസംഖ്യയില്‍ 2,44,000 പേര്‍ മുതിര്‍ന്ന പൗരന്‍മാരാണ്. 60 വയസിന് മുകളിലുള്ളവരെ വിവിധ പ്രായപരിധിയുടെ അടിസ്ഥാനത്തിലും മറ്റു രോഗങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേകം തരംതിരിച്ച് അവര്‍ക്ക് വീടുകളില്‍ തന്നെ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതും ലക്ഷ്യമിടുന്നു. 60 വയസിന് മുകളിലുള്ളവര്‍ പൂര്‍ണമായും വീടുകളില്‍തന്നെ തുടരുകയും ശാരീരിക അകലം പാലിക്കുന്നതും ഉറപ്പുവരുത്തണം. ഇവര്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഓണ്‍ലൈന്‍ കൗണ്‍സിലിംഗും ആവശ്യമാണ്. ഇവര്‍ വീടുകളില്‍ കുട്ടികളെ എടുക്കുക, മറ്റുള്ളവരോട് അടുത്ത് ഇടപെടുക തുടങ്ങിയ പ്രവര്‍ത്തികളില്‍ നിന്ന് മാറിനില്‍ക്കണം. 60 വയസിന് മുകളിലുള്ളവര്‍ക്ക് കോള്‍ സെന്റര്‍ വഴി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.