തിരുവനന്തപുരം : കൊവിഡ് 19നെ പ്രതിരോധിക്കാൻ പരമാവധി ആളുകളെ രക്ത, സ്രവ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് വിദഗ്ധര്‍. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇത് സഹായിക്കും. രോഗ വ്യാപനം തടയാൻ സംസ്ഥാനത്തു സമ്പൂര്‍ണ അടച്ചിടൽ കൂടിയേതീരു എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ആളുകളെ പരിശോധിക്കണം. സ്രവ പരിശോധനയ്ക്കൊപ്പം രക്ത പരിശോധനയും വേണം. സമൂഹ വ്യാപനം തടയാൻ നടപടി വേണം. സമ്പൂർണ ലോക്ക് ഡൗണ് നടപ്പാക്കണമെന്നും കൂടുതൽ ലാബ് സംവിധാനങ്ങൾ ഒരുക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗ ലക്ഷണങ്ങൾ ഉളളവര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും മാത്രമാണ് സ്രവ പരിശോധന. ഇത് പോരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുറമെ നിന്നു വരുന്ന എല്ലാവരേയും സ്രവ പരിശോധനക്ക് വിധേയരാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും സമൂഹത്തിലെ മറ്റുള്ളവര്‍ക്കിടയിലും റാന്‍ഡം പരിശോധനകള്‍ നടത്തണം. വൈറസ് വാഹകരാണോ എന്നറിയാൻ രക്ത പരിശോധനയും അനിവാര്യമാണെന്നും ഐസിഎംആറും ഇക്കാര്യങ്ങൾ നിര്‍ദേശിക്കുന്നുണ്ടെന്നും ഐഎംഎ പ്രതിനിധി ഡോ എൻ സുൾഫി പറഞ്ഞു. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.