തിരുവനന്തപുരം : ബിജെപിയില്‍ അച്ചടക്ക നടപടിക്ക് സാധ്യത. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തേക്കും.
കൂടാതെ അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.