ജനീവ : പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനത്തില്‍ മുതിര്‍ന്നവരുടെ അതേനിലയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. എന്നാല്‍ ആറിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സാഹചര്യത്തിന് അനുസരിച്ച് മാസ്ക് ധരിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കുന്നതിനോടൊപ്പം ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫ്രണ്ടും രണ്ടു ദിവസം മുമ്പ് വെബ്സൈറ്റില്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ആറിനും 11നും ഇടയിലുള്ള കുട്ടികള്‍ നിരവധി സാധ്യതകള്‍ മുന്‍ നിര്‍ത്തി മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും. രോഗം പകരാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ കഴിവ്, മാസ്ക് കിട്ടാനും മുതിര്‍ന്നവരുടെ നിയന്ത്രണത്തിലുമാണെങ്കില് തുടങ്ങിയവയാണ് ഇരു സംഘടനകളും മുന്നോട്ടുവെക്കുന്ന വിവരങ്ങള്‍. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയും അവരുടെ താത്പര്യവുമാണ് ഇതില്‍ പരിഗണിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടനയും യൂനിസെഫും പറയുന്നു.