ഇംഗ്ലണ്ട്: ആഡംബര ക്രൂയിസ് കപ്പലിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 200ലധികം യാത്രക്കാരും ജീവനക്കാരും രോഗബാധിതരായി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോകുകയായിരുന്ന കുനാർഡ് ലൈൻസ് നടത്തുന്ന ക്വീൻ മേരി 2 എന്ന ക്രൂയിസ് കപ്പലിലാണ് അപ്രതീക്ഷിതമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 224 യാത്രക്കാരും 17 ക്രൂ അംഗങ്ങളും പകർച്ചവ്യാധിയുടെ ഇരകളായി എന്നാണ് സിഡിസി അറിയിച്ചിരിക്കുന്നത്. മാർച്ച് 18ന് കപ്പൽ ന്യൂയോർക്കിൽ എത്തിയിരുന്നു.
ഈ സമയത്താണ് വൈറസ് പടർന്നതെന്നാണ് നിഗമനം. ന്യൂയോർക്ക്, സെന്റ് മാർട്ടൻ, സെന്റ് ലൂസിയ, ഗ്രെനഡ, ബാർബഡോസ്, ഡൊമിനിക്ക, സെന്റ് കിറ്റ്സ്, ടോർട്ടോള എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം കപ്പൽ പോയിരുന്നു. ശേഷം സതാംപ്ടണിലേക്കുള്ള യാത്ര മധ്യേയാണ് രോഗം കപ്പലിനുള്ളിൽ വ്യാപിച്ചത്. രോഗ വ്യാപനത്തെ തുടർന്ന് കപ്പലിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് യാത്രക്കാരും ക്രൂ അംഗങ്ങളും നിരീക്ഷണത്തിലാണ്. അതേസമയം എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് കപ്പൽ കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.