റിയാദ് : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി സൗദിയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. തൊഴിലാളികളുടെ താമസ സൗകര്യത്തിനായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് 3,445 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമാദ് ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖ് നിര്‍ദ്ദേശിച്ചു.
വിവിധ പ്രവിശ്യകളിലെയും സബ് ഗവര്‍ണറേറ്റുകളിലെയും 47 വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലെ 3,313 സ്‌കൂള്‍ കെട്ടിടങ്ങളും സാങ്കേതിക വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കോര്‍പ്പറേഷന് കീഴിലെ 132 കെട്ടിടങ്ങളുമാണ് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് കൈമാറുന്നത്. മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങളുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര കമ്മറ്റി രൂപീകരിച്ചിരുന്നു. 60,000 മുറികളാണ് കെട്ടിടങ്ങളില്‍ ഉള്ളത്. രണ്ടര ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.
എല്ലാ പ്രവിശ്യയിലെയും ലേബര്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ കമ്മറ്റി പരിശോധിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമാവലി മന്ത്രാലയം പരിഷ്‌കരിച്ചിട്ടുണ്ടെന്നും ലേബര്‍ ക്യാമ്പിലെ പരാതികളും നിയമ ലംഘനങ്ങളും ഏകീകൃത നമ്പരായ 940ല്‍ വിളിച്ച് അറിയിക്കണമെന്നും ഡോ.അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു. പൗരന്‍മാരുടെയും വിദേശികളുടെയും പരാതികളില്‍ കമ്മറ്റി വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.