ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിലെ യു.എൻ.ആർ.ഡബ്ല്യു.എയുടെ മെഡിക്കൽ സൗകര്യത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 22 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഒരു അഭയർഥി ക്യാമ്പിലും നിരവധി വീടുകളിലും ആക്രമണങ്ങൾ ഉണ്ടായി. അതിനിടെ, ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ ഗൗരവമേറിയ ചർച്ചകളിലേക്ക് മടങ്ങണമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ആഹ്വാനം ചെയ്തു. ഇപ്പോൾ വേണ്ടത് വെടിനിർത്തലിലേക്കുള്ള മടക്കവും ബന്ദികളുടെയെല്ലാം മോചനവുമാണെന്ന് ഷോൾസ് പറഞ്ഞു. ബെർലിനിൽ ജോർദാന്റെ രാജാവ് അബ്ദുള്ള രണ്ടാമനോടൊപ്പം സംസാരിച്ച ഷോൾസ് ഗസ്സക്ക് കൂടുതൽ മാനുഷിക സഹായം നൽകണമെന്നും യുദ്ധാനന്തര ഉത്തരവ് അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗൗരവമേറിയ ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.
‘ഒരു മാസമായി ഗസ്സയിൽ ഒരു മാനുഷിക സഹായവും എത്തിയിട്ടില്ല. ഇത് തുടരാൻ കഴിയില്ല. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും സ്ഥിതിഗതികൾ സ്ഥിരപ്പെടുത്തുന്ന ഒരു സുസ്ഥിര സമാധാനം രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ കൈവരിക്കാൻ കഴിയൂ’ എന്നും ഷോൾസ് കൂട്ടിച്ചേർത്തു. വെടിനിർത്തലിലേക്ക് മടങ്ങാനും ഗസ്സയിലേക്ക് സഹായ വിതരണം പുനഃരാരംഭിക്കാനും അബ്ദുള്ള രണ്ടാമൻ ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക ദുരന്തം ഇതിനകം പറഞ്ഞറിയിക്കാനാവാത്ത തലങ്ങളിൽ എത്തിയിരിക്കുന്നു. അത് ഉടനടി പരിഹരിക്കാൻ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.