ഡൽഹി: അക്രമങ്ങൾ തുടരുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് ആളുകള്‍ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു.